Indian Railways News => Topic started by railgenie on Sep 19, 2013 - 18:00:04 PM


Title - എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസിനായി കേരളം
Posted by : railgenie on Sep 19, 2013 - 18:00:04 PM

എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേരളം ആലോചിക്കുന്നു. ഒരു ജില്ലയില്‍ ഒരു സ്റ്റോപ് മാത്രം എന്ന രീതിയില്‍ മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസാണ് ആലോചനയിലുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റെയില്‍വെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ പദ്ധതിരേഖ തയാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിക്കായി റെയില്‍വെയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. സബര്‍ബന്‍ കോറിഡോര്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മുംബൈ റെയില്‍ വികാസ് കോര്‍പറേഷനെ ചുമതലപ്പെടുത്തും. ഡിസംബറിനകം ആദ്യ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അനുമതി നല്‍കും.

തിരുവനന്തപുരം-ചെങ്ങന്നൂര്‍ റൂട്ടിലും, തിരുവനന്തപുരം-ഹരിപ്പാട് റൂട്ടിലുമാണ് സബര്‍ബന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്ററിന് ശരാശരി 20 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആകെ വേണ്ടിവരുന്നത് 3000 കോടി രൂപയാണ്. ഇതിന് ലോകബാങ്ക് വായ്പ ലഭിക്കുമെന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ല എന്നതാണ് സബര്‍ബന്‍ പദ്ധതിയുടെ ഏറ്റവും വലിയ അനുകൂലഘടകമെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ എം.ഡി രാകേഷ് സക്‌സേന, ദക്ഷിണറെയില്‍വെ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഷൊര്‍ണൂര്‍-കണ്ണൂര്‍ മേഖലയിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ദക്ഷിണറെയില്‍വെ ജനറല്‍ മാനേജര്‍ യോഗത്തില്‍ അറിയിച്ചു. കേരളത്തില്‍ റെയില്‍പാത ഇരട്ടിപ്പക്കലിന് ഭൂമി ഏറ്റെടുക്കുന്നതിലാണ് വീഴ്ചയുണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.