Indian Railways News => Topic started by greatindian on Jul 28, 2012 - 16:19:35 PM


Title - റെയില്‍വേ സ്‌റ്റേഷനില്‍ ചുംബന നിരോധനം - world rail bosses ban farewell kisses - Oneindia Malayalam
Posted by : greatindian on Jul 28, 2012 - 16:19:35 PM

ബ്രിട്ടനിലെ വാറിങ്‌ടണ്‍ ബാങ്ക്‌ കെ റെയില്‍വേ സ്റ്റേഷനില്‍ ചുംബിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തി. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ചുംബനങ്ങള്‍മൂലം തീവണ്ടികള്‍ വൈകുന്നതും തിരക്കു കൂടുന്നതുമാണ്‌ ചുംബനത്തിന്‌ വിലക്കേര്‍പ്പെടുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്‌.

ഇതിന്റെ ഭാഗമായി നോ കിസിങ്‌ എന്നെഴുതിയ ബോര്‍ഡുകള്‍ സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്‌. സ്റ്റേഷന്‍ ചുംബന നിരോധന മേഖലയാക്കിയെങ്കിലും ചുംബനപ്രണയികളെ അധികൃതര്‍ തീര്‍ത്തും നിരാശരാക്കിയിട്ടില്ല. യാത്രയയപ്പു ചുംബനങ്ങള്‍ നല്‍കാനായി സ്റ്റേഷന്‌ സമീപം പ്രത്യേക ചുംബനമേഖല തയ്യാറാക്കിയിട്ടുണ്ട്‌.

ചുംബിച്ച്‌ യാത്രയയപ്പ്‌ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഈ സ്ഥലത്തുപോയി ആഗ്രഹം സാധിയ്‌ക്കാം. എന്നാല്‍ഇതിന്‌ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്‌. പരമാവധി 20 മിനിറ്റ്‌ നേരം മാത്രമേ ചുംബിക്കാന്‍ പാടുള്ളു. ഇതിലും കൂടുതല്‍ സമയം ചുംബിക്കണമെങ്കില്‍ സ്റ്റേഷന്‌ പുറത്തേയ്‌ക്ക്‌ പോകേണ്ടിവരും.

ബ്രിട്ടനില്‍ ഇതാദ്യമായാണ്‌ ചുംബനത്തിന്‌ വിലക്കേര്‍പ്പെടുത്തുന്നത്‌. ലണ്ടനും ഗ്ലാസ്‌കോയ്‌ക്കും ഇടയില്‍ ഓടുന്ന അതിവേഗ തീവണ്ടികള്‍ എത്തുമ്പോള്‍ ചുംബിക്കുന്നവരെക്കൊണ്ട്‌ വന്‍ തിരക്ക്‌ അനുഭവപ്പെടാറുണ്ടത്രേ. ചിലപ്പോള്‍ ദീര്‍ഘനേരം ആലിംഗനബദ്ധരായി ചുംബിച്ച്‌ നില്‍ക്കുന്നവരെ മറികടന്ന്‌ മറ്റ്‌ യാത്രക്കാര്‍ക്ക്‌ വണ്ടികളില്‍ കയറാന്‍ പോലും പറ്റാതെയാകാറും ഉണ്ടത്രേ.

ഇതിനെത്തുടര്‍ന്നാണ്‌ വാറിങ്‌ടണ്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കോളിന്‍ ഡാനിയല്‍സ്‌ മുന്നോട്ടുവച്ച ചുംബന നിരോധന നിര്‍ദ്ദേശം അധികൃതര്‍ അംഗീകരിച്ചത്‌. പുതിയ നിയമത്തോട്‌ ആളുകള്‍ സമ്മിശ്രമായാണ്‌ പ്രതികരിക്കുന്നത്‌.

ചുംബനം നല്‍കി യാത്രയയയ്‌ക്കുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയതില്‍ ചിലര്‍ രോഷം പ്രകടിപ്പിച്ചു. എന്നാല്‍ ചുംബനനിരോധന ബോര്‍ഡ്‌ മനോഹരമായിട്ടുണ്ടെന്നാണ്‌ ചിലര്‍ പറയുന്നത്‌. ചുംബനനിരോധനം ലംഘിക്കുന്നവര്‍ക്ക്‌ ശിക്ഷയൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.