Indian Railways News => Topic started by eabhi200k on Feb 27, 2013 - 16:00:10 PM


Title - റെയില്‍വേ ബജറ്റില്‍ തമിഴകത്തിന് 14 പുതിയവണ്ടികള്‍
Posted by : eabhi200k on Feb 27, 2013 - 16:00:10 PM

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയവണ്ടികള്‍ ഒന്നും പ്രഖ്യാപിക്കാതെ മറുനാടന്‍ മലയാളികളെ നിരാശരാക്കിയ റെയില്‍വേ ബജറ്റില്‍ തമിഴ്‌നാടിന് 12 പുതിയ വണ്ടികളാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
ജെയ്പുര്‍, ഭോപ്പാല്‍ വഴി ബിക്കാനീര്‍-ചെന്നൈ എക്‌സ്പ്രസ്, ചെന്നൈ-കാരൈക്കുടി എക്‌സ്പ്രസ്, ചെന്നൈ- പഴനി എക്‌സ്പ്രസ്, വിഴുപുരം , മയിലാടുതുറൈ വഴി ചെന്നൈ എഗ്മൂര്‍-തഞ്ചാവൂര്‍ എക്‌സ്പ്രസ്, റെനിഗുണ്ട് വഴി മഹാരാഷ്ട്രയിലേക്കുള്ള ചെന്നൈ- നാഗര്‍സൊള്‍ എക്‌സ്പ്രസ് , ചെന്നൈ- വേളാങ്കണ്ണി ലിങ്ക് എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, കോയമ്പത്തൂര്‍-രാമേശ്വരം എക്‌സ്പ്രസ്, ഹൗറ- ചെന്നൈ എക്‌സ്പ്രസ്, നാഗര്‍കോവില്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ്, പുതുച്ചേരി-കന്യാകുമാരി എക്‌സ്പ്രസ്, തിരുപ്പതി-പുതുച്ചേരി എക്‌സ്പ്രസ്, പഴനി-തിരുച്ചെന്തൂര്‍ പാസഞ്ചര്‍, ചെന്നൈ-തിരുപ്പതി മെമു സര്‍വീസ് എന്നീ തിവണ്ടികളാണ് തമിഴകത്തിന് പുതുതായി ലഭിച്ചിട്ടുള്ളത്.
അതേസമയം ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പുതിയവണ്ടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. പുതുച്ചേരിയില്‍നിന്ന് മംഗലാപുരത്തേക്കുള്ള വണ്ടിയുടെ സര്‍വീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും റെയില്‍വേ മന്ത്രാലയം അവഗണിച്ചു.
റെയില്‍വേയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനായി പുതുതായി തുടങ്ങുന്ന 25 കേന്ദ്രങ്ങളില്‍ ഒന്ന് തിരുച്ചിറപ്പള്ളിയിലാണ് സ്ഥാപിക്കുക. കാരൈക്കല്‍ പേരാളം , തഞ്ചാവൂര്‍ പട്ടുക്കോട്ടൈ എന്നിവിടങ്ങളില്‍ പുതിയ ലൈനുകള്‍, ശ്രീപെരുമ്പുത്തൂര്‍ ഗുഡുവാഞ്ചേരി റൂട്ടില്‍ പുതിയ പാതയ്ക്കായുള്ള സര്‍വേ എന്നിവയും റെയില്‍വേ ബജറ്റിലുണ്ട്.
ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് തൂത്തുക്കുടിക്കും ചെന്നൈ- തിരുച്ചിറപ്പിള്ളി എക്‌സ്പ്രസ് കാരൈക്കുടിക്കും മാംഗ്ലൂര്‍ - തിരുച്ചിറപ്പിള്ളി എക്‌സ്പ്രസ് പുതുച്ചേരിക്കും ബാംഗ്ലൂര്‍ - നാഗൂര്‍ പാസഞ്ചര്‍ കാരൈക്കലിനും മധുരൈ - ദിണ്ടിക്കല്‍ എക്‌സ്പ്രസ് പഴനിക്കും കൊല്ലം- നാഗര്‍കോവില്‍ മെമു കന്യാകുമാരിക്കും നീട്ടാന്‍ തീരുമാനമായിട്ടുണ്ട്. എറണാകുളം-തൃശ്ശൂര്‍ മെമു പാലക്കാട്ടേക്കും നീട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുദിവസമുള്ള കോയമ്പത്തൂര്‍ -തിരുപ്പതി എക്‌സ്പ്രസ് നാലുദിവസമായും ഒരു ദിവസമുള്ള മധുരൈ-ഡെറാഡൂണ്‍ എക്‌സ്പ്രസ് രണ്ടു ദിവസമായും 6 ദിവസമുള്ള നാഗര്‍കോവില്‍- കന്യാകുമാരി പാസഞ്ചറും തിരുനല്‍വേലി-നാഗര്‍കോവില്‍ പാസഞ്ചറും 7 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
കണ്ണിയമ്പാടി-വെല്ലൂര്‍ പാതയുടെയും ചെങ്കോട്ടൈ -ഭഗവതിപുരം പാതയുടെയും വൈദ്യുതിവത്കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. അരിയാലൂര്‍-കല്ലക്കുടി, അത്തിപ്പട്ട്- എന്നൂര്‍, മേല്‍മറവത്തൂര്‍ -തൊഴുപ്പേട് , ഒട്ടിവാക്കം-മധുരാന്തകം പാതകളുടെ ഇരട്ടിപ്പിക്കലും ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.